കളമശേരി: തിരുവനന്തപുരത്തും കൊച്ചിയിലും ജിസിസി (ഗ്ലോബല്‍ കേപ്പബിലിറ്റി സെന്റര്‍) സിറ്റി സ്ഥാപിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. ഡാവോസില്‍ സമാപിച്ച ലോക സാമ്പത്തിക ഫോറത്തില്‍ ഇതിനായുള്ള നിക്ഷേപ താത്പര്യപത്രം കേരളം ഒപ്പിട്ടു.
ലോകത്ത് ഏറ്റവുമധികം ജിസിസികള്‍ സ്ഥാപിച്ചിട്ടുള്ള എഎന്‍എസ് ആറുമായാണ് കേരളം താത്പര്യപത്രം ഒപ്പുവച്ചതെന്ന് മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഇതിന്റെ തുടര്‍ച്ചയില്‍ കോഴിക്കോടും ജിസിസി സിറ്റി സ്ഥാപിക്കുന്നത് പരിഗണിക്കും. ഡാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ കേരളം 1.18 ലക്ഷം കോടി രൂപയുടെ നിക്ഷേപ താത്പര്യപത്രം ഒപ്പുവച്ചതായും മന്ത്രി അറിയിച്ചു.
അമേരിക്ക, യുകെ, ജര്‍മനി, സ്പെയിന്, ഇറ്റലി, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍നിന്നായി 1400 കോടി യുഎസ് ഡോളര്‍ മൂല്യമുള്ള താത്പര്യപത്രങ്ങളാണ് ഒപ്പുവച്ചത്. വ്യവസായ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.